വിദ്യാര്‍ത്ഥീ കേന്ദ്രീകൃത വിദ്യാഭ്യാസം – കേരളം രാജ്യത്തിന് മാതൃക- പ്രൊഫ.സി.രവീന്ദ്രനാഥ്

തിരുവനന്തപുരം : ശാസ്ത്രീയ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ നയിക്കുന്ന വിദ്യാര്‍ത്ഥി കേന്ദ്രീകൃത പഠന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ആകമാനം നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പ്രീസ്‌കൂള്‍ ശാക്തീകരണ പദ്ധതി പ്രവര്‍ത്തന ശില്പ്പശാലയുടെ ഉദ്ഘാടനവും കൈപ്പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രീപ്രൈമറിതലവും അങ്കണവാടികളിലെ പഠനപ്രവര്‍ത്തനവും ഇപ്പോള്‍ ഒരു കൂടക്കീഴിലാക്കാന്‍ പോകുകയാണെന്നും, ശാസ്ത്രീയമായ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാകും സംസ്ഥാനത്ത് നടക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു. തൈക്കാട് മോഡല്‍ എല്‍.പി എസില്‍ നടന്ന ചടങ്ങില്‍ ഇതേ സ്‌കൂളിലെ പ്രീ-പ്രൈമറി കുട്ടികളാണ് മന്ത്രിയില്‍ നിന്ന് കൈപ്പുസ്തകം ഏറ്റുവാങ്ങിയത്. തൈക്കാട് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റും വേദിയില്‍ അരങ്ങേറി. കേരളത്തിലെ പ്രീസ്‌കൂള്‍ മേഖല സമഗ്രമായി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്നു വരികയാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് കഴിഞ്ഞ അക്കാദമിക വര്‍ഷം മുതല്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണ്‍വാടികളെ ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീസ്‌കൂള്‍ എന്ന പുതിയ മാതൃകയ്ക്കാണ് കേരളം രൂപം നല്‍കിയിട്ടുള്ളത്. സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി ആയിരം സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഭാഷ വികാസം വൈജ്ഞാനിക വികാസം, സാമൂഹിക – വൈകാരിക വികാസം, സര്‍ഗാത്മക വികാസം എന്നീ മേഖലകളെ പരിഗണിച്ചു വിഭാവനം ചെയ്തിട്ടുള്ള ആക്ടിവിറ്റി കോര്‍ണറുകള്‍ സജ്ജമാക്കുന്നതിന് എസ്.എസ്.കെ ഒരു ലക്ഷം രൂപ വീതം ഓരോ വിദ്യാലയങ്ങള്‍ക്കും നല്‍കിയിരുന്നു. ഈ പദ്ധതിയാണ് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ശിശുവിദ്യാഭ്യാസ പ്രവര്‍ത്തനമൂലകള്‍ സജ്ജീകരിക്കുന്നതിന് ‘താലോലം’ എന്ന അധ്യാപക കൈപ്പുസ്തകം സമഗ്രശിക്ഷാ കേരളം തയ്യാറാക്കിയിട്ടുണ്ട്. എസ്.എസ്.കെ അടുത്ത വര്‍ഷത്തെ സമഗ്രവാര്‍ഷിക പദ്ധതി അങ്കണ്‍വാടികളിലും പ്രീസ്‌കൂളിലും നടത്തിയ അവസ്ഥാ പഠനം കണ്ടെത്തലുകളെ ആസ്പദമാക്കിയാണ് തയ്യാറാക്കുന്നത്. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് സമഗ്രശിക്ഷാ കേരളം ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍ സ്വാഗതമാശംസിച്ചു. വനിതാ ശിശുവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എം. ശിവന്യ, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.രതീഷ് കാളിയാടന്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.പ്രമോദ്, പി.ടി.എ പ്രസിഡന്റ് വി.സുരേഷ്‌കുമാര്‍, പ്രഥമാധ്യാപിക ശ്രീമതി. ഇന്ദിരാകുമാരി.ജി എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വിദഗ്ധരായ ഡോ.ടി.പി കലാധരന്‍, ഡോ.വിജയമോഹന്‍ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. എസ്.എസ്.കെ. സംസ്ഥാനതലത്തിലെയും, ജില്ലാതലത്തിലെയും പ്രോഗ്രാം ഓഫീസര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റികള്‍, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റി എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.